Observer 's Log
Astronomy 1 min read

ശുക്രനും ഒളിച്ചുകളിയും

ശുക്രനുമായി ഒളിച്ചു കളിച്ചാലോ? അതെ. നിങ്ങൾ വായിച്ചത് ശരിയാണ്, ശുക്രൻ! വർഷത്തേക്കാൾ ദൈർഘ്യമേറിയ ദിവസമുള്ള ,ഈയം പോലും ഉരുകുന്ന താപനിലയുള്ള, സൾഫ്യൂറിക് അമ്ല മഴ പെയ്യുന്ന, മറ്റ് ഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി വിപരീത ദിശയിലേക്ക് ഭ്രമണം ചെയ്യുന്ന ഗ്രഹം! സെപ്റ്റംബർ 14 ന് വൈകുന്നേരം ശുക്രൻ ചന്ദ്രൻ്റെ പിന്നിൽ ഏകദേശം ഒന്നര മണിക്കൂർ മറയുകയും വീണ്ടും ദൃശ്യമാകുകയും ചെയ്യും! ഇതാണ് ശുക്രൻ്റെ ചന്ദ്രഗ്രസനം. വരൂ, നമ്മുടെ സ്വന്തം നീല ഗ്രഹത്തിൻ്റെ ഇരട്ടയുമായി നമുക്ക് ഒളിച്ചു കളിക്കാം! എപ്പോഴാണ്, എവിടെ നിന്ന് കാണാൻ കഴിയും? എവിടെ നോക്കണം? വിശദാംശങ്ങൾ നോക്കാം!

ആമുഖം

ശുക്രനുമായി ഒളിച്ചു കളിച്ചാലോ? അതെ. നിങ്ങൾ വായിച്ചത് ശരിയാണ്, ശുക്രൻ! വർഷത്തേക്കാൾ ദൈർഘ്യമേറിയ ദിവസമുള്ള ,ഈയം പോലും ഉരുകുന്ന താപനിലയുള്ള, സൾഫ്യൂറിക് അമ്ല മഴ പെയ്യുന്ന, മറ്റ് ഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി വിപരീത ദിശയിലേക്ക് ഭ്രമണം ചെയ്യുന്ന ഗ്രഹം! സെപ്റ്റംബർ 14 ന് വൈകുന്നേരം ശുക്രൻ ചന്ദ്രൻ്റെ പിന്നിൽ ഏകദേശം ഒന്നര മണിക്കൂർ മറയുകയും വീണ്ടും ദൃശ്യമാകുകയും ചെയ്യും! ഇതാണ് ശുക്രൻ്റെ ചന്ദ്രഗ്രസനം. വരൂ, നമ്മുടെ സ്വന്തം നീല ഗ്രഹത്തിൻ്റെ ഇരട്ടയുമായി നമുക്ക് ഒളിച്ചു കളിക്കാം! എപ്പോഴാണ്, എവിടെ നിന്ന് കാണാൻ കഴിയും? എവിടെ നോക്കണം? വിശദാംശങ്ങൾ നോക്കാം!

ചാന്ദ്രഗ്രസനം (Lunar Occultation)

ഒരു ആകാശഗോളത്തിന് (Celestial Object) മുന്നിലൂടെ മറ്റൊന്ന് കടന്നുപോകുകയും അതുവഴി കാഴ്ചയിൽ നിന്ന് അത് മറയുകയും ചെയ്യുന്ന പ്രതിഭാസമാണ് ഗ്രസനം (Occultation). ഭൂമി, ചന്ദ്രൻ, ആകാശഗോളം എന്നിവ നേർരേഖയിൽ വരികയും. ഭൂമിക്കും ആകാശഗോളത്തിനും ഇടയിൽ ചന്ദ്രൻ കടന്നുപോകുന്നതുമാണ് ചാന്ദ്രഗ്രസനം(Lunar Occultation). ഈ സമയം ഭൂമിയിൽ നിന്ന് പ്രസ്തുത ആകാശഗോളം നമുക്ക് അദൃശ്യമായിരിക്കും . ഇവിടെ ആകാശഗോളം ശുക്രനാണ്(Venus). നക്ഷത്രങ്ങളുമായുള്ള ഗ്രസനം പലപ്പോഴും ഉണ്ടാവാറുണ്ട്. എങ്കിലും നക്ഷത്രങ്ങളുമായുള്ള ദൂരവുമായി താരതമ്യം ചെയ്യുമ്പോൾ, ശുക്രൻ അത്ര അകലെയല്ല, അതിനാൽ ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ശുക്രൻ ഒരു ചെറിയ തളികയാണ്(tiny disc), നക്ഷത്രങ്ങളെ പോലെ ഒരു ബിന്ദുവല്ല (Point). അതിനാൽ ചന്ദ്രൻ അതിൻ്റെ മുന്നിലേക്ക് വന്നു പൂർണ്ണമായും മറയ്ക്കാൻ ഏകദേശം 70 മുതൽ 80 സെക്കൻഡ് വരെ സമയം എടുക്കും.

എപ്പോൾ, എവിടെ?

നിങ്ങൾക്കറിയാവുന്നതുപോലെ, ഈ സമയത്ത് ചന്ദ്രനും ശുക്രനും ചക്രവാളത്തിന് (Horizon) മുകളിലുള്ള സ്ഥലങ്ങളിൽ മാത്രമേ ഈ പ്രതിഭാസം ദൃശ്യമാകൂ. അതിനാൽ, യൂറോപ്പ്, ആഫ്രിക്ക, മധ്യ-പൂർവ്വ മേഖലകൾ , പശ്ചിമ റഷ്യ, ദക്ഷിണേഷ്യ എന്നിവയുടെ ചില ഭാഗങ്ങളിൽ നിന്ന് മാത്രമേ ഇത് ദൃശ്യമാകൂ. ഉത്തര , ദക്ഷിണ അമേരിക്കയിൽ നിന്ന് ഇത് ദൃശ്യമാകില്ല.

ചിത്രം 1-ലുള്ള ലോക ഭൂപടത്തിൽ ഗ്രസനം ദൃശ്യമാകുന്ന പ്രദേശങ്ങൾ കാണിച്ചിരിക്കുന്നു. ഇവിടെ ചുവപ്പും നീലയും നിറങ്ങളിലുള്ള വെവ്വേറെ രൂപരേഖകൾ(Contours) യഥാക്രമം ശുക്രൻ്റെ തിരോധാനവും(Disappearance) പുനരാവിർഭാവവും(Reappearance) എവിടെയാണ് ദൃശ്യമാകുന്നതെന്ന് സൂചിപ്പിക്കുന്നു. ആകാശത്ത് ന്യായമായ ഉയരത്തിൽ ഇരട്ടദൂരദർശിനിയിലൂടെയുള്ള (Binocular) ദൃശ്യത ഖര രൂപരേഖകൾ (Solid Contours) കാണിക്കുന്നു. കുത്തിട്ട വരയുള്ള രൂപരേഖകൾ ചക്രവാളത്തിന് മുകളിൽ ഓരോ സംഭവവും എവിടെയാണ് സംഭവിക്കുന്നതെന്ന് സൂചിപ്പിക്കുന്നു, പക്ഷേ അവിടെ ആകാശം വളരെ തെളിച്ചമുള്ളതായതിനാലോ ചന്ദ്രൻ ചക്രവാളത്തിന് വളരെ അടുത്തായതിനാലോ ദൃശ്യമായേക്കില്ല.

ചിത്രം 1: സെപ്റ്റംബർ 14 ന് ശുക്രൻ്റെ ചാന്ദ്രഗ്രസന ദൃശ്യത.
കടപ്പാട്: ഡൊമിനിക് ഫോർഡ്

ചിത്രം-2-ൽ നൽകിയിരിക്കുന്ന സർഗാത്മക ചിത്രീകരണം(Animation) ഭൂഗോളത്തിലുടനീളമുള്ള ചാന്ദ്രഗ്രസനത്തിൻ്റെ പാത ചിത്രീകരിക്കുന്നു. ചുവന്ന വൃത്തം ശുക്രന് മുന്നിൽ ചന്ദ്രൻ എവിടെയാണ് ദൃശ്യമാകുന്നതെന്ന് കാണിക്കുന്നു.

ചിത്രം 2: ചാന്ദ്രഗ്രസന പാതയുടെ സർഗാത്മക ചിത്രീകരണം
കടപ്പാട്: ഡൊമിനിക് ഫോർഡ്

എപ്പോൾ, എവിടെ നിന്ന് ഈ പ്രതിഭാസം ദൃശ്യമാകും എന്നീ ചോദ്യങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾ എവിടെ നിന്നാണ് നോക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് സമയം നിർണ്ണയിക്കേണ്ടത്. എന്തുകൊണ്ട്? ചന്ദ്രൻ ശുക്രനേക്കാൾ താരതമ്യേന ഭൂമിയുടെ സമീപത്തതാണ്, അതിനാൽ ദൃഗ്ഭ്രംശം(Parallax) സംഭവിക്കുന്നു . ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നും വീക്ഷിക്കുമ്പോൾ പശ്ചാത്തല ആകാശത്തിൽ അല്പം വ്യത്യസ്തമായ സ്ഥാനത്താണ് ചന്ദ്രനെ കാണുന്നത്, അതിനാൽ ചാന്ദ്രഗ്രസന സമയ ജാലകം (Lunar Occultation Window) വ്യത്യസ്തമായിരിക്കും.

ചന്ദ്രനുമായി താരതമ്യം ചെയ്യുമ്പോൾ ശുക്രൻ എത്ര ദൂരെയാണെന്ന് നമുക്ക് കണക്കാക്കാം. ഈ വസ്തുക്കളെല്ലാം ബഹിരാകാശത്ത് സഞ്ചരിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാം. കേരളത്തിലെ ഗ്രസന സമയത്തെ ഒന്നരമണിക്കൂർ കൊണ്ടുതന്നെ, ശുക്രനും ഭൂമിയും തമ്മിലുള്ള ദൂരം ഏകദേശം അറുപത്തിരണ്ടായിരം കിലോമീറ്റർ കുറയും! ചന്ദ്രനിൽനിന്നും ഭൂമിയിലേക്കുള്ള ദൂരം ഏകദേശം 2000 കിലോമീറ്റർ വർദ്ധിക്കും! അതിനാൽ ഗ്രഹണ സമയത്ത് ശരാശരി ദൂരം എടുക്കുമ്പോൾ, ചന്ദ്രൻ 388614 കിലോമീറ്റർ അകലെയും, ശുക്രൻ 6.788 കോടി കിലോമീറ്ററും അകലെയുമാണ്. ഇപ്രകാരം ശുക്രൻ ചന്ദ്രനേക്കാൾ ഏകദേശം 175 മടങ്ങ് അകലെയാണെന്ന് കാണുക. അതിനാൽ ഈ ദൃഗ്ഭ്രംശം കാരണം, ചാന്ദ്രഗ്രസനസമയം, വിവിധ സ്ഥലങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കും!

ഒരു ഉദാഹരണം ഉദ്ധരിക്കാം. ചുവടെയുള്ള, ചിത്രം 3-ഉം ചിത്രം 4-ഉം സെപ്റ്റംബർ 14 ന് വൈകുന്നേരം ഇന്ത്യൻ സമയം 7:00 ന് യഥാക്രമം തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്ത് നിന്നും ദൃശ്യമാകുന്ന ചന്ദ്രനും ശുക്രനും ഉൾപ്പെടുന്ന ആകാശത്തിൻ്റെ കൃത്രിമമായി സൃഷ്ടിച്ച (Simulated) ചിത്രങ്ങളാണ്. ഓരോ ചിത്രത്തിലും ചന്ദ്രൻ്റെ സ്ഥാനം വ്യത്യസ്തമാണെന്ന് കാണാൻ കഴിയും. തിരുവനന്തപുരത്ത് നിന്ന് നോക്കുമ്പോൾ ശുക്രൻ തൃശൂരിൽ നിന്ന് നോക്കുന്നതിനേക്കാൾ ചന്ദ്രനോട് അടുത്താണ്.

ചിത്രം 3 : തൃശൂരിൽ നിന്നുള്ള ചന്ദ്രൻ്റെയും ശുക്രൻ്റെയും സർഗാത്മക ചിത്രം.
കടപ്പാട്: സ്റ്റെല്ലേറിയം
ചിത്രം 4 : തിരുവനന്തപുരത്തു നിന്നുള്ള ചന്ദ്രൻ്റെയും ശുക്രൻ്റെയും സർഗാത്മക ചിത്രം .
കടപ്പാട്: സ്റ്റെല്ലേറിയം

ലോകത്തിൻ്റെ വിവിധ ഭാഗങ്ങൾ കണക്കിലെടുക്കുമ്പോൾ, മുഴുവൻ പ്രതിഭാസവും 9:26 UTC നും 13:42 UTC നും ഇടയിലാണ് നടക്കുന്നത്. ദൃശ്യതയുള്ള (Visibility) സ്ഥലങ്ങളിൽ, ചാന്ദ്രഗ്രസനം സൂര്യാസ്തമയത്തിനു അടുത്തോ ശേഷമോ ആണെങ്കിൽ, സൂര്യപ്രകാശം കുറവായതുകൊണ്ടും ശുക്രനും ചന്ദ്രനും നല്ല ശോഭയുള്ളതുകൊണ്ടും, ദൃശ്യമായിരിക്കും.

കേരളത്തിൽ ദൃശ്യത

കേരളത്തിലെ എല്ലായിടത്തുനിന്നും ഈ പ്രതിഭാസം ദൃശ്യമാണ്. വൈകുന്നേരം 5:20 മുതൽ 7 മണി വരെയാണ് ഏകദേശ സമയ ജാലകം. അതിനാൽ സൂചിപ്പിച്ച സമയത്തിനു മുൻപു തന്നെ നിരീക്ഷണം ആരംഭിക്കുക. കേരളത്തിലെ സ്ഥലങ്ങളിൽ തന്നെ സമയത്തിൽ മാറ്റങ്ങളുണ്ട്. ചാന്ദ്രഗ്രസനം തിരുവനന്തപുരത്ത് നിന്ന്, വൈകുന്നേരം 5:25 ന് ആരംഭിച്ച് 6:52 ന് അവസാനിക്കും. എന്നാൽ തൃശൂരിൽ, ചാന്ദ്രഗ്രസനം വൈകുന്നേരം 5:21 ന് ആരംഭിച്ച് 6:47 ന് അവസാനിക്കും. മുൻപ് സൂചിപ്പിച്ച ദൃഗ്ഭ്രംശം തന്നെ കാരണം.

ശുക്രൻ, ഗ്രസനത്തിൻ്റെ തുടക്കത്തിൽ ചക്രവാളത്തിന് ഏകദേശം 43° മുകളിലായിരിക്കും, അവസാനം 23° മുകളിലായിരിക്കും. മുമ്പ് പറഞ്ഞതുപോലെ, 12% പ്രകാശത്തോടെ, -7.7 ദൃശ്യകാന്തിമാനത്തോടെ ചന്ദ്രക്കല സമീപത്തുണ്ട് , ശുക്രന് തന്നെ -4.7 ദൃശ്യകാന്തിമാനമുണ്ട്(Apparent Magnitude) . അതിനാൽ രണ്ടും കണ്ടെത്താൻ എളുപ്പമായിരിക്കും.

എന്നാൽ ചാന്ദ്രഗ്രസനം ആരംഭിക്കുമ്പോഴും സൂര്യൻ ചക്രവാളത്തിന് മുകളിലായതിനാൽ അന്തരീക്ഷശോഭ (Skylight) ഉണ്ടായിരിക്കും . ഇത് ചാന്ദ്രഗ്രസനത്തിൻ്റെ ദൃശ്യത കുറയ്ക്കുന്നു, അതേസമയം ശുക്രനിൽ നിന്നുള്ള പ്രതിഫലിച്ച സൂര്യപ്രകാശം ദൃശ്യത വർദ്ധിപ്പിക്കുന്നു. ഇതിൽ ആരാണ് നമ്മുടെ നേത്രങ്ങളിലേയ്ക്ക് ഏറ്റവും ശക്തമായ പ്രകാശം അയച്ചു വിജയിക്കുന്നതെന്ന് നമുക്ക് കാത്തിരുന്നുകാണാം! സൂര്യനെ നേരിട്ട് നോക്കാതിരിക്കാൻ ശ്രദ്ധിക്കുക!

തിരുവനന്തപുരത്ത് നിന്ന് ചാന്ദ്രഗ്രസനത്തിന് മുമ്പും ശേഷവുമുള്ള സർഗാത്മക ചിത്രീകരണം ചുവടെ ചിത്രീകരിച്ചിരിക്കുന്നു. ചിത്രം 5-ൽ ചാന്ദ്രഗ്രസനത്തിന് മുമ്പുള്ള ദൃശ്യം കൊടുത്തിരിക്കുന്നു .ശോഭയുള്ള പശ്ചാത്തല ആകാശത്തിൽ, ശുക്രൻ ചന്ദ്രൻ്റെ ഇരുണ്ട ഭാഗത്താണ്. ചിത്രം 5 ചാന്ദ്രഗ്രസനത്തിന് ശേഷമുള്ള ദൃശ്യം ആവിഷ്കരിച്ചിരിക്കുന്നു , രാത്രിയിൽ, ചന്ദ്രൻ്റെ സൂര്യപ്രകാശമുള്ള ഭാഗത്ത് ശുക്രനെ ദൃശ്യമാണ്.

ചിത്രം 5: ചാന്ദ്രഗ്രസനത്തിന് മുമ്പുള്ള ദൃശ്യം.
കടപ്പാട്: സ്റ്റെല്ലേറിയം
ചിത്രം 6: ചാന്ദ്രഗ്രസനത്തിന് ശേഷമുള്ള ദൃശ്യം.
കടപ്പാട്: സ്റ്റെല്ലേറിയം

ദർശന സഹായികൾ (Optical Aids)

ഒരു ദൂരദർശിനി (Telescope) അല്ലെങ്കിൽ ഇരട്ടദൂരദർശിനി (Binocular) പോലുള്ള ഒരു ദർശന സഹായികൾ ഉപയോഗിച്ച്, ചാന്ദ്രഗ്രസനത്തിന് തുടക്കത്തിൽ നമുക്ക് ശുക്രനെ തീർച്ചയായും കാണാൻ കഴിയും. ഉയർന്ന പരമാവധി ഉപയോഗപ്രദമായ സ്ഥൂലീകരണശേഷിയുള്ള (Maximum Useful Magnification) ഒരു ദൂരദർശിനി നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, ശുക്രനും 29% പ്രകാശത്തോടെ ചന്ദ്രക്കലയുടെ ആകൃതിയിലാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അതിനാൽ അക്ഷരാർത്ഥത്തിൽ നിങ്ങൾ രണ്ട് ചന്ദ്രക്കലകൾ ഒരേസമയം വീക്ഷിക്കുന്നു ! ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാൻ മറക്കരുത്!

പഠനങ്ങൾ

ഗ്രഹങ്ങളുമായുള്ള ചാന്ദ്രഗ്രസനം നമ്മുടെ അറിവുകൾ പരിഷ്കരിക്കാൻ സഹായിക്കുന്നു. ചാന്ദ്രഗ്രസനത്തിൻ്റെ കൃത്യമായ സമയക്രമങ്ങൾ ഉപയോഗിച്ച്, ചന്ദ്ര പർവതങ്ങളുടെയും താഴ്‌വരകളുടെയും കൃത്യമായ ആകൃതി നമുക്ക് കണ്ടെത്താൻ കഴിയും. ഇതുവഴി ചന്ദ്രോപരിതല രൂപഘടന നമുക്ക് മനസ്സിലാക്കാൻ കഴിയും. ഇരട്ട നക്ഷത്രങ്ങളെ (Double Stars) തിരിച്ചറിയാൻ ഗ്രസനം സഹായിച്ചിട്ടുണ്ട്. ഗ്രഹങ്ങളുമായുള്ള ചാന്ദ്രഗ്രസനത്തിലൂടെ, ഗ്രഹങ്ങളുടെ അന്തരീക്ഷ പ്രഭാവങ്ങളെക്കുറിച്ച് നമുക്ക് അറിയാൻ കഴിയും. ചന്ദ്രൻ്റെയും ഗ്രഹങ്ങളുടെയും ഭ്രമണപഥങ്ങളെക്കുറിച്ചുള്ള (Orbit) നമ്മുടെ അറിവ് പരിഷ്കരിക്കാനും കഴിയും. വിനോദ-ജ്യോതിശാസ്ത്രജ്ഞരുടെ (Amataur Astronomers) ഈ സംഭവങ്ങളുടെ സമയാധിഷ്ഠിത നിരീക്ഷണഫലങ്ങൾ തൊഴിൽപരമായ ജ്യോതിശാസ്ത്രജ്ഞർക്ക് (Professional Astronomers) വിലപ്പെട്ടതാണ്.

അവലംബം (References)

Leave a Comment

Your email address will not be published. Required fields are marked *